ദേവി..അതാണവളുടെ പേര്. ആ ഗ്രാമത്തിൽ നിന്നും ആദ്യമായി ജോലി തേടിപ്പോയ പെണ്‍കുട്ടി, ആദ്യമായി ബ്യൂട്ടി പാർലറിൽ പോയിതുടങ്ങിയവൾ, ആ സമയത്ത് കാസെറ്റ് കടയിൽ പോയി ഇംഗ്ലീഷ് സിനിമകൾ ചോദിച്ചു വാങ്ങുന്ന ഒരേ ഒരു പെണ്ണ്...
അവൾ അകലെ നിന്നും വരുമ്പോഴേ മുഴങ്ങുന്ന ആ ശബ്ദം കേൾക്കാമായിരുന്നു...എല്ലാവരോടും സ്നേഹത്തോട് മാത്രം പെരുമാറിയിരുന്ന അവൾ ആ ഗ്രാമത്തിന്റെ തന്നെ ഊർജമായിരുന്നു..
കാലം കടന്നു പൊയ്ക്കൊണ്ടിരുന്നു. ആരും ദേവിയുടെ വിവാഹത്തെപ്പറ്റി ചിന്തിച്ചതേയില്ല. ആ വീട്ടിൽ അവളൊരു കറവപ്പശു ആയിരുന്നു. കാര്യമായ വരുമാനമില്ലാത്ത മാതാപിതാക്കൾക്കും കിട്ടുന്നത് മുഴുവൻ കള്ളുഷാപ്പിൽ തീർക്കുന്ന അനിയനും അവളുടെ സ്വന്തം കാര്യം ആലോചിക്കാതെയുള്ള വർണ്ണാഭമായ ജീവിതം ഒരാശ്വാസമായിരുന്നു.
കുറെ നാൾ കഴിഞ്ഞപ്പോൾ തൻ കാര്യം നോക്കാൻ മിടുക്കനായ അനിയനും കല്യാണം കഴിച്ചു. അവളുടെ ബാധ്യതകൾ കുറച്ചു കൂടി എന്ന് പറഞ്ഞാൽ മതിയല്ലോ. അവൾ ഇടക്കൊക്കെ തന്റെ വിവാഹക്കാര്യം വീട്ടില് ഒര്മിപ്പിക്കാൻ തുടങ്ങി . ആരും വലിയ താല്പര്യം കാണിച്ചില്ലെന്നു പ്രത്യേകിച്ച് പറയേണ്ടല്ലോ. അവളുടെ കാര്യം അന്വേഷിക്കുന്ന നാട്ടുകാരോടൊക്കെ ജാതകത്തിന്റെയും സ്ത്രീധനത്തിന്റെയും മുട്ടാപ്പോക്കു ന്യായങ്ങൾ അവളുടെ വീട്ടുകാർ നിരത്തി...
ഇപ്പോൾ നാൽപതുകളുടെ നടുവിൽ അവൾ സ്വയം തിരയുകയാണ് സദ്സ്വഭാവിയായ , കാണാൻ തരക്കേടില്ലാത്ത നല്ലോരാളെ. അതിൽ കുറവൊന്നും സ്വീകരിക്കാൻ അവളുടെ അഭിമാനം അവളെ സമ്മതിക്കില്ലല്ലോ.
ഇപ്പോഴും അയൽപക്കത്തെ ചേച്ചിമാരോട് കലപില പറഞ്ഞും നിറങ്ങൾ കൂടിയ സാരികൾ അണിഞ്ഞും അവൾ പാറിപ്പറന്നു നടക്കുന്നു..അവളുടേതായ നിമിഷങ്ങളിൽ അവൾ കരയുകയായിരിക്കുമോ?
അതോ ആ വീട്ടില് എപ്പോഴും മുഴങ്ങിക്കേൾക്കുന്ന ബഹളത്തിൽ അവൾ അവളെത്തന്നെ മറന്നുവോ?
അവളില്ലാത്ത ആ ഗ്രാമം അപൂർണമാണ് .ആ ഗ്രാമത്തിനു പറയാനുള്ള ഒരുപാടു കഥകളിൽ ഒന്ന് ദേവിയുടേതും കൂടെയാണ് . തന്റെ ജീവിതം മുഴുവൻ വീട്ടുകാർക്ക് വിട്ടുകൊടുത്തു ശലഭത്തെപ്പോലെ പറന്നുയർന്ന ആ പെണ്‍കുട്ടിയുടേതാണ് അല്ല സ്ത്രീയുടെതാണ്. അവൾ ആഗ്രഹിച്ചതെല്ലാം വൈകിയാണെങ്കിലും അവൾക്കു കിട്ടുമായിരിക്കും അല്ലേ !! അന്ന് ആ ഗ്രാമത്തിന്റെ ആത്മാവ് ഒരുപാട് സന്തോഷിക്കുമായിരിക്കും.
No comments:
Post a Comment